പതിമൂന്നു പതിനാലു വയസ്സുമുതല്‍ ഒറ്റയ്ക്ക് സിനിമയ്ക്ക് പോയിട്ടുണ്ട്.
സന്ധ്യകളില്‍ "യമുനാ" തിയറ്ററില്‍ നിന്നും ഉയരുന്ന ആ ഗാനം...
"പദരേണു തേടിയലഞ്ഞു...ദേവ പദരേണു തേടിയലഞ്ഞു..." മനസ്സില്‍ ഇന്നും കേള്‍ക്കുന്നു.
ഗേറ്റില്‍ നില്‍ക്കുന്ന "കഞ്ചാവിനെയും" (ഇരട്ട പേരാണ്) . ഇടവേളകളില്‍ കട്ടന്‍കാപ്പിയും ബോളിയും ലഭിക്കുന്ന സുശീലന്റെ കടയും എങ്ങനെ മറക്കാന്‍.
ഒരു ഡിസംബര്‍ മാസത്തിലെ വെളുത്ത പക്ഷം. സിനിമ കഴിഞ്ഞു, വീട്ടിലേക്കു ഒന്നര കിലോമീറ്റര്‍ നടക്കണം. സാധാരണ ആരെങ്കിലും ആ വഴിക്കു കാണുന്നതാണ്. ഇന്നാരുമില്ല.
കൌമാരത്തില്‍ മനസ്സില്‍ വരുന്ന വികാരങ്ങളില്‍ ഒന്നായ ഭയം ചെറുതായിട്ടുണ്ട്.
ഇടക്കുള്ള തോടിന്റെ പാലം ആകുന്നു. ആരോ പറഞ്ഞു കേട്ടിട്ടുണ്ട് ഇവിടെ ഒരു കറുത്ത പട്ടിയുടെ രൂപത്തില്‍ ഒരു പ്രേതം ഉണ്ടെന്ന്. അത് മനസ്സില്‍ വന്നു. ഇടത്തേക്ക് നോക്കിയപ്പോള്‍ അവിടെ അതാ ഒരു പട്ടി. നിലാവില്‍ അവന്‍ വിരിഞ്ഞു നില്‍ക്കുകയാണ്.
അന്നേരം ഒന്നും തോന്നിയില്ല. ആരോ വളര്‍ത്തുന്നവന്‍., രാത്രിന്ജ്ജ്വരത്തിന് ഇറങ്ങിയതായിരിക്കും.
ഇനി റബ്ബര്‍ തോട്ടം. അത് കഴിഞ്ഞാല്‍ മതിലുകള്‍ രണ്ട് വശത്തുമുള്ള മൂന്നു വീടുകള്‍. ഇടയ്ക്കു മാത്രം മതിലില്ലാത്ത കുറച്ചു സ്ഥലം. അത് വരെ നടന്നു. അവിടെ വീണ്ടും ഇടത്തേക്ക് നോക്കി.
ഒന്ന് ഞെട്ടി... അവന്‍ അവിടെ,
എങ്ങനെ വന്നു അറിയില്ല. ഒരു സാധ്യതയുമില്ല. ആ.. അടുത്ത മതില്‍ കഴിഞ്ഞു വരികയേ ഇല്ല അതുറപ്പ്.
ആ വീടും കഴിഞ്ഞു മനസ്സീല്‍ ഭയം നിറയുന്നു. ഇടത്തേക്ക് നോക്കി...
അതാ അവന്‍ അവിടെ.. പിന്നെ ഒന്നും അറിയില്ല. വീട്ടിലേക്കുള്ള ഇരുന്നൂറു മീറ്റര്‍ ഒരു പത്തു സെക്കണ്ട് കൊണ്ട് എത്തിയതറിയാം.
മൂന്നു ദിവസം പനിച്ചു കിടന്നു...
എന്നാലും അവന്‍ ആരായിരിന്നു...



