വേനല്‍ രാവുകളുടെ ചൂട് പ്രത്യേക വിശേഷണങ്ങള്‍ ഒന്നുമില്ലാതെ അറിയാവുന്നതാണല്ലോ. മദ്യപിച്ചിട്ടുകൂടി ഉണ്ടിങ്കിലോ പറയുകയും വേണ്ട.
തൊണ്ണൂറു കാലഘട്ടം. ആന്റണി ചാരായം നിരോധിക്കുന്നതിന് മുന്‍പുള്ള. സന്ധ്യകള്‍, ഒരുകിലോമീറ്റര്‍ അകലെയുള്ള ഷാപ്പില്‍. കപ്പ, മീന്‍, ഇറച്ചി. സ്പെഷ്യലുകള്‍, പാട്ട്, ഡാന്‍സ്....
ഹാ എത്ര മനോഹരമായ സോഷ്യലിസ്റ്റ് പ്രദേശം.
രാത്രി പതിനൊന്നോടെ ആയിരിക്കും മിക്കവാറും ഷാപ്പ് അടക്കുക. വീട്ടില്‍ ചെന്നാല്‍ ഒടുക്കത്തെ ഉഷ്ണം, തെറിവിളി..എവിടെയാണ് ഒന്ന് വിശ്രമിക്കുക..
വീടിനു കാല്‍ കിലോമീറ്റര്‍ അകലെ സ്കൂള്‍. സ്കൂള്‍ പടിക്കല്‍ നിന്നും പള്ളിയിലേക്കുള്ള ഏകാന്തമായ വഴി. വലതുവശത്ത് പള്ളി. ഇടതുവശത്ത് ശവക്കോട്ട.
ശവക്കോട്ടയില്‍ പലതരം കല്ലറകള്‍. പരന്നവ,ഉയര്‍ന്നവ,മാര്‍ബിള്‍ ഇട്ടവ, ഒന്നുമില്ലാത്തവ. എല്ലാറ്റിനും ഉള്ളില്‍ ഒന്നുമാത്രം ശവം...
മറ്റൊരു സോഷ്യലിസ്റ്റ് പ്രദേശം.
മാര്‍ബിള്‍ ഇട്ട കല്ലറയുടെ മുകളില്‍ കിടക്കാന്‍ നല്ല സുഖമാണ്. താഴെ നിന്നു ചെറിയ തണുപ്പ്. മുകളില്‍ മന്ദമാരുതന്‍. ഒരു പ്രത്യേക അനുഭൂതി.
സ്ഥിരം പോകുന്നപോലെ അങ്ങോട്ട് വിട്ടു.
ഷര്‍ട്ട് ഊരി ഒരു കുരിശില്‍ തൂക്കി. കിടന്നു .. സുഖമായുറങ്ങി.
ഒരു രണ്ട് മണി ആയിക്കാണും. മഞ്ഞു വീണു തുടങ്ങി. നല്ല തണുപ്പ് ഉണര്‍ന്നു.
കുറ്റാകുറ്റിരുട്ടു...
പോക്കറ്റില്‍ നിന്നും ബീഡിയും തീപ്പെട്ടിയും തപ്പിയെടുത്തു. ബീഡി ചുണ്ടില്‍ വച്ചു, തീപ്പെട്ടി കത്തിച്ചു....
ആആആ................
ഇടവഴിയില്‍ നിന്നും ലോകം നടുങ്ങുന്ന അലര്‍ച്ച.
അടിവയറ്റില്‍ നിന്നും എന്തോ മുകളിലേക്ക്. കൂടെ അലറി
ആആആആആ................
എങ്ങനെ വീട്ടില്‍ എത്തി എന്നറിയില്ല.
ഒളിമ്പിക്സില്‍ ആയിരുന്നെങ്കില്‍ സ്വര്‍ണവും ലോക റെക്കോര്‍ഡും ഉറപ്പ്.
രാവിലെ ഒരു പാട് വൈകി ആണ് ഉണര്‍ന്നത്. ഒരു കുളിര്.
ആദ്യം അന്വേഷിച്ചത് . പരിസരത്ത് ആരെങ്കിലും പനി പിടിച്ചു കിടപ്പുണ്ടോ എന്നാണ്.
ആരുമില്ല....
എന്തായാലും, രാക്കോഴിയോ രാക്കുറുക്കനൊ, അവന്‍ ആ നാട്ടുകാരന്‍ അല്ല,
*** സത്യമായിട്ടും സുഹൃത്തിന്റെ അനുഭവം ആണേ..*****

No comments:
Post a Comment