നാവിന്റെ തുമ്പില്‍ ഗുളികന്‍ കയറുക എന്ന പഴഞ്ചൊല്ല് കേട്ടിട്ടുണ്ട്. ഗുളികന്‍ ആണോ രാഹു ആണോ എന്നൊന്നും അറിയില്ല. എന്തായാലും അടി വാങ്ങിയില്ല അതറിയാം.
ഏതാണ്ട് പന്ത്രണ്ടു വര്‍ഷങ്ങള്‍ മുന്‍പുള്ള സംഭവം. കുടുംബത്തില്‍ ഉള്ള ഒരു കൊച്ചിനെ മുണ്ടക്കയത്തു കെട്ടിക്കുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ ഒന്‍പതു പേര് ഒരു ടാറ്റാ സുമോയില്‍.
മൂന്നു പേര്‍ പച്ചക്കറി മാത്രം.
രാവിലെ തന്നെ തുടങ്ങി. മൂന്ന്‍ ലിറ്റര്‍ OPR.
കല്യാണസദ്യ കഴിഞ്ഞപ്പോഴേക്കും രണ്ടെണ്ണം തീര്‍ന്നു. നീര്‍ക്കോലികള്‍ ചുരുണ്ട് തുടങ്ങി. ചേരകളും മൂര്ഖന്മാരും ചീറ്റി, പാഞ്ചാലിമേടിനു പോകണം.
ശരി പോകാം. ഒന്നോ രണ്ടോ വട്ടം പോയിട്ടുള്ളതല്ലാതെ പാഞ്ചാലിമേടിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഒന്നും അറിയില്ല.
അറിഞ്ഞു.. അക്കഥയാണ് പറയുന്നത്.
രണ്ട് മൊട്ടകുന്നുകള്‍, ഒന്നില്‍ ഒരു പൊളിഞ്ഞുവീഴാറായ ഒരു ചെറിയ അമ്പലം. മറ്റേതില്‍ പതിനാലു കുരിശുകള്‍ . കത്തോലിക്കാസഭയുടെ ഒരു ചെറിയ അസുഖമാണത്. എന്നിട്ട് കുരിശുമല എന്ന് പേരുമിടും. ഇവിടെ പൊരിവഴക്കാണ് ഹിന്ദുവും ക്രിസ്ത്യാനിയും തമ്മില്‍...
തമാശ അതല്ല ഇതെല്ലാം സര്‍ക്കാര്‍ ഭൂമി.
ക്രിസ്ത്യാനിയുടെ മൊട്ടകുന്നിന്റെ മുകളിലേക്ക് നടന്നു.
ദുഖ: വെള്ളിയാഴ്ചയിലെ വിശുദ്ധ മേശയില്‍ വച്ച് വീഞ്ഞ് പകര്‍ന്നു, പാനം ചെയ്തു.
ഒരു നാല് പെഗ് ബാക്കി. അതുമെടുത്ത് തിരികെ ഇറങ്ങാന്‍ തുടങ്ങി. കൂട്ടത്തിലെ ഒരു മൂര്‍ഖന് വിഷം മുറ്റി. ചാടി ഒറ്റകയറ്റമാണ് ഒരു കുരിശില്‍.
പാവം കുരിശു സിംഗിള്‍ കമ്പിയിട്ട് വാര്‍ത്തതല്ലേ മണ്ടയോടിഞ്ഞു അവനെയും കൊണ്ട് താഴെ. ചുറ്റും നോക്കി. ഭാഗ്യം ആരും കണ്ടില്ല. ആശ്വാസം അധികനേരം നീണ്ടുനിന്നില്ല. വണ്ടി പാര്‍ക്കുചെയ്തിടത്തു ഞങ്ങളുടെ വണ്ടി നമ്പര്‍ ആരോ കല്ല് കൊണ്ട് റോഡില്‍ വലുതായി എഴുതിയിട്ടിരിക്കുന്നു. മനസ്സില്‍ ഒരു ആശങ്ക.
KK റോഡില്‍ എത്തി അധികനേരം കഴിഞ്ഞില്ല ഒരു പോലിസ് ജീപ്പ് ചേസ്സ് ചെയ്തു തടഞ്ഞു. പോലീസുകാര്‍ ചാടിയിറങ്ങി അഞ്ചു ഡോറുകളും വലിച്ചു തുറന്നു. ഡ്രൈവറുടെ കോളറിനു പിടിച്ചു മണപ്പിച്ചു. ഇല്ല അവന്‍ മദ്യപിച്ചിട്ടില്ല. (പച്ചക്കറി)
എല്ലാവരോടും വെളിയില്‍ ഇറങ്ങാന്‍ പറഞ്ഞു. ഇറങ്ങി, ഞാന്‍ ഒഴികെ.
എന്റെ കാല്‍ക്കീഴില്‍ വീഞ്ഞിന്റെ ബാക്കി ഇരിക്കുകയാണ്. ഒരു കോണ്‍സ്റ്ബിള്‍ SI യോട് എന്തോ പറഞ്ഞു. എന്നിട്ട് തിരികെ വന്നു.
അദ്ദേഹം വിളിക്കുന്നു. എന്നോട് പറഞ്ഞു.
ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി. പെട്ടെന്ന് അയാള്‍ ബാക്കിയിരുന്ന OPRഉം ഗ്ലാസും എടുത്തു ജീപ്പില്‍ വച്ചു.
ഞാന്‍ ഏമാന്റെ അരികില്‍ ചെന്നു.
നിങ്ങള്‍ എവിടെ നിന്നും വരുന്നു? എവിടെ പോകുന്നു? എന്താ പരിപാടി?..നിറയെ ചോദ്യങ്ങള്‍.
ഞാന്‍ വിശദമായി എല്ലാം പറഞ്ഞു. കുരിശിന്റെ മരണം ഒഴിച്ച്.
അപ്പോള്‍ അടുത്ത ചോദ്യം. "ആരാണ് കുരിശില്‍ കയറിയത്?"
ഞാന്‍ അദ്ദേഹത്തിന്‍റെ നെയിം പ്ലെയിറ്റ് നോക്കി.- മാത്യുസ്.
എന്റെ വയറ്റില്‍ കിടന്ന OPR ഉത്തരം നല്‍കി.
" സര്‍, സാറിന്റെ പേര് മാത്യുസ്, എന്റെ പേര് കോശി. നമ്മള്‍ രണ്ടുപേരും അല്ല കര്‍ത്താവാണ് കുരിശില്‍ കയറിയത്."
ഒരു നിമിഷത്തെ നിശബ്ദത .
എമാന് ചിരി സഹിക്കാന്‍ വയ്യ. ചരിഞ്ഞിരിന്നു ചിരിച്ചു. കൂടെ പോലീസുകാരും. കൊടും വേനലില്‍ കോടമഞ്ഞിറങ്ങിയതുപോലെ അന്തരീക്ഷം ഒന്ന് തണുത്തു.
എങ്കിലും തീ മുഴുവനായി അണഞ്ഞില്ല. ഇടുക്കി SP ഓഫീസില്‍ നിന്നുള്ള വയര്‍ലെസ്സ് നിര്‍ദ്ദേശമാണ് ഞങ്ങളുടെ അറസ്റ്റിനു കാരണം. കുരിശിന്റെ വാര്‍ത്ത പോയ പോക്കേ..
മാത്യൂസ് സാറാണ്. പാഞ്ചാലിമേടിന്റെ കഥ പറഞ്ഞത്. പിന്നെ റിട്ടയര്‍ ചെയ്തിട്ട് അധികകാലം ആയിട്ടില്ലാത്ത എന്റെ അമ്മാച്ചന്‍ S P,"മിന്നല്‍ തമ്പി" യെ കൊണ്ട് അദ്ദേഹത്തെ വിളിപ്പിച്ചു. സത്യം പറഞ്ഞു.
തമ്പിച്ചായന്റെ കൂടെ ജോലി ചെയ്ത ആളായിരുന്നു മാത്യുസ് സര്‍.. അതുകൊണ്ട് ഊരി പോന്നു. അവെരെടുത്ത കള്ളും തിരികെ തന്നു.
ഒരു ഉപദേശവും.
"ഈ കൂതറ ഒന്നും അടിക്കരുത്, ഇത്തരം കൂതറകളെ എങ്ങും കൊണ്ട് പോവുകയും ചെയ്യരുത്"
വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനു പീരുമേട് സബ്ജയിലില്‍ കിടക്കുന്ന ചിന്ത കാരണം ബാറ്ററി ചാര്‍ജു കുറഞ്ഞു പോയിരിന്നു.
അടുത്ത കടയില്‍ നിന്നും ഒരു സോഡാ വാങ്ങി വീണ്ടും ചാര്‍ജു ചെയ്തു.
മാത്യുസ് സാറിന്റെ ഉപദേശം പകുതി സ്വീകരിച്ചു. ആ കുരിശില്‍ കയറിയ പുന്നാര മോനെ പിന്നെ എങ്ങും കൊണ്ടുപോയിട്ടില്ല...

No comments:
Post a Comment